Saturday, May 8, 2010

തുറന്ന പുസ്തകം

ജീവിതം ഒരു തുറന്ന പുസ്തകമായിരിക്കണം...
പക്ഷേ...
ആര്‍ക്കും വായിക്കാന്‍ പാകത്തില്‍ തുറന്നിടരുത്
കുത്തഴിഞ്ഞ് താളുകള്‍ ചിതറിപ്പറക്കും
വായനക്കാരന്‍ അവനുവേണ്ടതുമാത്രം
പെറുക്കിയെടുക്കും
അവന്‍റെ വായന പുസ്തകത്തെ
ദുര്‍വ്യാഖ്യാനംചെയ്തേക്കാം
ജീവിതം ഒരു തുറന്ന പുസ്തകമായിരിക്കണം
പക്ഷേ.....

Monday, April 19, 2010

മടങ്ങിപ്പോകൂ................

ചിരിക്കാന്‍ കൊതിച്ചപ്പോഴൊക്കെ
കരച്ചിലാണ് വന്നത്
കരയാന്‍ കൊതിക്കുമ്പോള്‍ 
ചിരിയും.
ഒടുവില്‍ 
രണ്ടശ്രീകരങ്ങളെയും
പടിയടച്ചു പിണ്ഡംവച്ചപ്പോള്‍ 
വീട്ടുകാരും കൂട്ടുകാരും 
എന്തിനാണെന്നെ ഇങ്ങനെ നോക്കുന്നത് !!!
എനിക്കാരോടും ഒന്നും പറയുവാനില്ല 
എന്നൊടും.........
എന്നെ എനിക്കു തന്നിട്ടു 
മടങ്ങിപ്പോകൂ......



Sunday, March 14, 2010

റിംഗ് ടോണ്‍


തീവണ്ടിയാത്രയ്ക്കിടയില്‍
മനോഹരമയൊരോടക്കുഴല്‍ നാദം
നഷ്ടപ്പെടുത്താതെ ഞാനെന്റെ
മൊബൈലില്‍ ഒപ്പിയടുത്തു
കുറ്റബോധം ഒറ്റനാണയത്തില്‍ പകര്‍ത്തി
അയാള്‍ക്കു കൊടുത്തു
നാണയക്കിലുക്കത്തിന്‌
പുഞ്ചിരി പകരം ​തന്നപ്പോള്‍
എന്റെ വിളറിയ മുഖം ​
അയാള്‍ കാണാഞ്ഞത്
എന്റെ ഭാഗ്യം ​കൊണ്ടോ
അയാളുടെ ദൌര്‍ഭാഗ്യം ​കൊണ്ടോ ? ?

Wednesday, December 2, 2009

നന്ദിയുണ്ട്

നിന്റെ ചിറകുകളായിരുന്നു
എന്റെ രക്ഷാകവചം.
ഉച്ചവെയിലത്ത് നീ എനിക്കു
ചിറകിന്റെ തണലേകി
നന്ദിയുണ്ട്
പെരുമഴയത്ത് നീ എന്നെ
ചിറകിന്റെ കുട ചൂടിച്ചു
നന്ദിയുണ്ട്
ഉഷ്ണകാലത്ത് വീശിയും
തണുപ്പുകാലത്ത്
ചിറകിന്‍കീഴിലൊതുക്കിയും
നീ എന്നെ കാത്തു
നന്ദിയുണ്ട്
ഒടുവില്‍ ആ ചിറകിന്‍ കീഴില്‍
നീയെന്നെ ഞെരിച്ചു കൊന്നു
അന്നാണ്‌ നിന്റെ മുഖം തിരിച്ചറിഞ്ഞത്
കഴുകന്റേതിനോട് എന്തെന്നില്ലാത്ത
സമാനത.
എങ്കിലും...
നിന്റെ ചിറകുകളായിരുന്നു
എന്റെ രക്ഷാകവചം.
വൈകിയ തിരിച്ചറിവിലും
നന്ദിയുണ്ട്...

Wednesday, October 7, 2009

സീതായനം

രാമായണത്തിലെ സീതായനങ്ങളുടെ
പാഠാന്തരങ്ങള്‍ തിരഞ്ഞ്
വരികള്‍ക്കിടയിലൂടെ ഞാനുഴലുമ്പോള്‍
ആദികവിയുടെ ഭവ്യമായ ചോദ്യം;
"മകളേ...
നീ തന്നെയല്ലേ സീത?"
അല്ല...
ഞാനല്ല സീത.
പകലും രാത്രിയുമാകാന്‍ കൊതിക്കാത്ത
നിഷ്കളങ്കതയുടെ സന്ധ്യയാണ്‌ ഞാന്‍
പ്രഭാതമാണ്‌ ഞാന്‍
ഉദയത്തിന്റെ സീമന്തരേഖയും
അസ്തമയത്തിന്റെ ചിതാഗ്നിയുമാണ്‌
ചിറകറ്റുവീണ ആ മാടത്തയാണു ഞാന്‍.

Saturday, September 12, 2009

ചിന്തയുടെ ഗണിതശാസ്ത്രം

ചിന്തയുടെ ഗണിതശാസ്ത്രം

ഇപ്പോള്‍ ഇതേതാണ്‌ സമയം?
എപ്പോഴാണുറങ്ങിയതെന്നോര്‍മ്മയില്ല
ഇപ്പോഴാണുണര്‍ന്നത്
ഇതു പകലുമല്ല രാത്രിയുമല്ല
ഇനി വരാനുള്ളത് പകലോ
രാത്രിയോ?
ഒരുവേളപകല്
ഏയ് രാ...
നിര്‍ണയിക്കാനാവുന്നില്ല.
തലയിണയില്‍ കൈമുട്ടുകുത്തി
തലയുമായ്‌ച്ചേര്‍ന്ന് ത്രികോണം തീര്‍ത്ത്
'വളവില്ലാതെ' ചിന്തിച്ചിരിപ്പായി.
ചിന്തയുടെ ചൂടുതട്ടി
ഭിത്തിയില്‍ തൂങ്ങിക്കിടന്ന വൃദ്ധഘടികാരം
കാലങ്ങള്‍ക്കുശേഷം ഒന്നു ഞരങ്ങി
എത്രമണി അടിയണമെന്ന് മൂപ്പര്‍ക്കും
രാത്രിയില്‍ ഉറങ്ങണോ പകലൂറങ്ങണോ എന്ന്‌
എനിക്കുമറിയില്ല...
മൂപ്പര്‍ പഴയപടി ധ്യാനത്തില്‍
ത്രികോണം ഒരു നേര്‍ രേഖയാക്കി ഞാനും ...